പൂർണ്ണവിരാമത്തിന്റെ
വിശ്രാന്തിയിലേക്ക്മടങ്ങുംമുമ്പ് നമുക്കൊരുസായാഹ്ന സവാരിക്കിറങ്ങാം….?
പ്രിയമലരുകളുടെ
ഇതളടർന്നതും നോക്കി നെടുവീർപ്പിടാതെ
പോക്കുവെയിലിന്റെ
പൊന്നുവീണ പാതകളിലേക്ക് കൈകോർത്തു
പിടിച്ചൊരിക്കൽക്കൂടി നടക്കാം….!
വഴിവക്കിൽ കാണുന്ന സൗഹൃദങ്ങളോട്
കൈവീശികാണിച്ചും ക്ഷേമാന്വേഷണങ്ങളിൽ
ലൗകികം പങ്കുവച്ചും
നമുക്കിന്നും അസ്തമയം ആസ്വദിക്കണം….!
കൽപ്പടവുകളിറങ്ങി കടത്തുതോണിയുമായി കാത്തുനിൽക്കുന്ന
തോണിക്കാരന്റെ
അക്കരെക്കുള്ള ക്ഷണം
നിരസിച്ച്, ഒരാവർത്തികൂടി
നമുക്കീ പടവുകളുടെ ആരോഹണക്രമങ്ങളെ
അറിയണം…!
കിതച്ചും വിറച്ചും നമ്മൾ
പരസ്പരം പുറംചാരി
നില്ക്കുമ്പോൾ കുസൃതിയായ പേരക്കുട്ടിയെപ്പോലെ ഒരു
ചെറുകാറ്റ് നമുക്കുചുറ്റും വലംവച്ചുകളിക്കും…!
നോക്ക്…,
സന്ധ്യമയങ്ങുന്നു…
കിഴക്കിലേക്കുള്ള പ്രവാസത്തിന്റെ
പശ്ചിമതീരത്ത് കണ്ടുമുട്ടിയ
സാന്ധ്യ സുന്ദരിയോട് പകലോൻ പറഞ്ഞ
പ്രണയമൊഴികൾകേട്ട് പറവകൾ ഇണക്കിളികാത്തിരിക്കും ശാഖികളിൽ
ചേക്കേറാൻ തിടുക്കപ്പെടുന്നത് കണ്ടില്ലേ…?!
ഇനിയെന്തുവേണമെന്ന നിന്റെ മിഴികളിലെ ഗാഢപ്രണയം എന്റെ നേർക്ക് നീളുമ്പോൾ കൈകൾ പരസ്പരം കൊരുത്ത് നമുക്കീ യാത്രയിലുടനീളം കൂട്ടാകാമെന്നെന്റെ മിടിപ്പുകൾ ചൊല്ലിയത് ശ്രവിച്ചതിനാലോ പ്രിയേ, നിന്റെ വിരലുകളൊന്നുകൂടി ദൃഢമായെന്റെയംഗുലികളെ പുല്കിയത്…?!
നിലാവും നിശാഗന്ധിയും പൂക്കുന്ന വാഗ്ദത്തഭൂവിലേക്കാണ് ഇനി നമ്മുടെ തീർത്ഥാടനം…!
- ഉണ്ണി. കെ. റ്റി
Unni kt
സമാധാനപ്രിയൻ.