'അമ്മേ.. നാളെ നമുക്കൊന്ന് പുറത്തു പോയാലോ.?? അമ്മേടെ ആഗ്രഹല്ലേ...' പിന്നാമ്പുറത്ത് പച്ചക്കറി വൃത്തിയാക്കിക്കൊണ്ടിരുന്ന വിജയമ്മ ഞെട്ടിത്തിരിഞ്ഞു. ' വിനൂ.. സത്യാണോ നീയീ പറഞ്ഞേ..!' അവർക്ക് ആകാംക്ഷ അടക്കാനായില്ല. 'അതെ അമ്മേ.. മൂന്നാല് വർഷായില്ലേ ഈ കിച്ചണിൽ തന്നെ.. നാളെ തിയറ്ററിൽ പോകാം.. കടലു കാണാം.. പിന്നെ ചെറിയൊരു ഷോപ്പിങ്ങും...' ആരാ ഈ പറഞ്ഞേ...ഹേമ തന്ന്യാണോ..!! ' അപ്പോ നിങ്ങൾക്ക് നാളെ ജോലിക്ക് പോണ്ടേയ്...??' 'അത് സാരല്യമ്മാ.. ഞങ്ങൾ ലീവെടുത്തിട്ടുണ്ട്.. അമ്മയ്ക്ക് വേണ്ടിയല്ലേ..' വിജയമ്മയുടെ ഏകമകനാണ് വിനയചന്ദ്രൻ. ഹേമ ഇവിടെ വന്നിട്ട് നാലു വർഷം ആകാറായി.. താൻ എപ്പോഴും ഒരധികപ്പറ്റാണെന്ന രീതിയിലാ അവളുടെ സംസാരം. വിനയൻ എല്ലാറ്റിനും മൗനം കൊണ്ടു സമ്മതം മൂളി. ന്റെ കൃഷ്ണാ... ന്റെ വിളി നീ കേട്ടു... ഇപ്പോഴേലും അവരൊന്ന് മാറീല്ലോ.. എത്ര കാലായിട്ടാ കടലൊന്ന് കാണിക്കാൻ പറേന്നു.. ആ തീരത്ത് നിക്കുമ്പോ അവന്റെ അച്ഛൻ കൂടെണ്ടെന്ന തോന്നലാ..... ഒരു ദാക്ഷണ്യവും കാണിക്കാണ്ട് തന്നിൽ നിന്ന് അടർത്തിയെടുത്തതും ആ കടലു തന്നെയല്ലേ... ഒട്ടിയ കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീർ അവർ സാരിത്തുമ്പു കൊണ്ട് തുടച്ചു. 'ഹേമേ നീ എന്തെടുക്കുവാ.... മണിക്കൂർ ഒന്നായി അവള് ചായം തേക്കാൻ തുടങ്ങിയിട്ട്....' മേക്കപ്പ് സെറ്റ് അടച്ചു വച്ച് ഹേമ ധൃതിയിൽ താഴേക്ക് നടന്നു.. വിനയൻ ഹാളിൽ ഉലാത്തുവാണ്. ഇടയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. 'ആ തള്ള ഇത് വരെ വന്നില്ലല്ലോ... ഞാൻ ലേറ്റായാലല്ലേ വിനുവിനു പ്രോബ്ളം..' വിനു ഹേമയെ തറപ്പിച്ചൊന്നു നോക്കി.. അമ്മ അടുക്കള വാതിൽ ചാരി ഒരു കവറുമായി എത്തി. 'എന്താ അമ്മേ ഇത്?' 'ഒരു കുപ്പി ജീരക വെള്ളാ.. നിനക്ക് ജലദോഷാല്ലേ..പുറത്തെ വെള്ളം കുടിക്കണത് നന്നല്ല.. മരുന്നൊക്കെ എടുത്തിട്ടില്ലേ നീയ്...' മരുന്ന് എടുത്തോ എന്ന രീതിയിൽ അവൻ ഹേമയെ നോക്കി. അവൾ ഇല്ലെന്ന് തലയാട്ടി. 'ലിപ്സ്റ്റിക് തേക്കാൻ മറന്നില്ലല്ലോ നീ.... പോയി കാറിൽ കയറ്.. ഞാൻ ടാബ്‌ലറ്റ് എടുക്കട്ടെ..' അവൻ മുകളിലേക്ക് നടന്നു.. ആദ്യം കടലു കാണാൻ തന്നെ പോകണമെന്ന് അമ്മക്കൊരേ നിർബന്ധം. 'ഈ വെയിലത്തോ...' അവൾ നീരസം പ്രകടിപ്പിച്ചു. റോഡരുകിൽ കാർ ഒതുക്കി വിനയനും ഹേമയും അവിടെ തന്നെ നിന്നു.. അമ്മ കടലിനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. 'ഈ തള്ളക്കെന്താ വട്ടാണോ..!' ഹേമ ചിരിച്ചു കൊണ്ട് ചോദിച്ചു.. 'ഇത് വേണോ??' 'ഇപ്പോ എന്താ രണ്ടാമതൊരു ചിന്ത... വേണം. ഇത് തന്നെ നടക്കണം. വിനൂ ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ.... എന്റെ സ്വഭാവം നീ മാറ്റിക്കരുത്..' 'നീ എന്നെ എന്നാ ചെയ്യുമെന്നാ..' ' ഹേയ്.. ലുക്ക് വിനൂ.. ബി പ്രാക്ടിക്കൽ.. നമ്മുടെ നല്ലതിനല്ലേ...' കാർ പാർക്കു ചെയ്ത് ടിക്കറ്റും വാങ്ങി അവർ തിയറ്ററിനുള്ളിലേക്ക് നടന്നു.. 'ന്തിനാ ത്ര ദൂരേക്ക് വന്നേ.. നമ്മുടെ നാട്ടിലും ല്ലേ തിയറ്ററ്..' അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.. അമ്മയെ നടുവിൽ ഇരുത്തിയത് ഹേമയ്ക്ക് രസിച്ചില്ല.. പടം തുടങ്ങി.. ഒരു കുഞ്ഞിനെ സ്ക്രീനിൽ കണ്ടതും തന്റെ മകനും ഒരു കുഞ്ഞിനെ നൽകണേ എന്ന് അവർ മനസ്സുരുകി പ്രാർത്ഥിച്ചു.. ഇന്റർവൽ ആയതും ഹേമ എഴുന്നേറ്റ് വിനുവിന്റെ കൈ പിടിച്ചു.. ' അമ്മാ വാഷ് റൂം വരെ പോയിട്ട് വരാം.. കഴിക്കാനും എന്തേലും മേടിക്കാം...' സിനിമ തുടങ്ങി... സമയം ഏറെയായി... അവർ തിരിച്ചെത്തിയില്ല.. ഒരു ഞെട്ടലോടെ ആ അമ്മ സത്യം തിരിച്ചറിഞ്ഞു.. തിയറ്ററിനു പുറത്തിറങ്ങി എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ ആരോ പറയും പോലെ തോന്നി ''പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും..!!'' തെരുവിന് ഒരതിഥി കൂടി.....
Ammu
Rare in earth