Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

പുട്ടമ്മ

0 0 1483 | 01-Mar-2019 | Stories
പുട്ടമ്മ

 അന്ന് ചായക്കടയിൽ പതിവുകാർക്കു പുറമേ വളരെയധികം ആളുകൾ   നിറഞ്ഞിരുന്നു. ആ ചെറിയ ഗ്രാമത്തിൽ പത്തു ദിവസം നീണ്ടു നിന്ന അമ്പലത്തിലെ  ഉത്സവ ആഘോഷങ്ങൾ സമാപിക്കുന്ന ദിവസം ആയതു കൊണ്ടാണ്. അല്ലെങ്കിൽ തുരുമ്പിച്ച കണ്ണാടി അലമാരക്കുള്ളിൽ ആർക്കും വേണ്ടാതെ  ഇരുന്നു നെടുവീർപ്പിടുന്ന ബോണ്ടകളും പഴം പൊരിയും വഴിയാത്രക്കാരിൽ  സഹതാപം ജനിപ്പിക്കുന്ന കാഴ്ചയാവും ഉണ്ടാവുക.

കടയുടമയായ രാജുവിനെ സഹായിക്കാൻ ഒന്നു രണ്ടു പേർ ഓടി നടന്നു പണിയെടുക്കുന്നുണ്ടായിരുന്നു. ശെരിക്കും അയാൾ അന്നാട്ടുകാരൻ അല്ല. ചായക്കടക്കാരൻ കുട്ടൻ പിള്ളയുടെ ഇളയ മകളെ വിവാഹം ചെയ്തതു വഴി അമ്മായി അച്ഛൻ നടത്തിയ കട വിവാഹ സമ്മാനമായി അയാളിൽ  എത്തിച്ചേരുകയായിരുന്നു. നട്ടുച്ച നേരത്തെ ചൂടും കടയുടെ ഉള്ളിലെ തിരക്കും അയാളിലെ അവസാന നീരും വറ്റിച്ചു കളയാൻ പ്രാപ്തമായിരുന്നു. പുറത്തു പോസ്റ്റ്‌ മാന്റെ സൈക്കിൾ മണി ശബ്ദം തിരക്കിനിടയിൽക്കൂടി അയാളുടെ ചെവിയിൽ എത്തി. കടയിൽ നിന്നും പുറത്തു വന്നു തനിക്കുള്ള കത്ത് മേടിച്ച ഉടനെ പൊട്ടിച്ചു വായിച്ചു. അന്നേരം വെയിൽ ചൂടിൽ നിൽക്കുന്ന തന്റെ മേൽ മഴ തുള്ളികൾ വീഴുന്ന പോലെ അയാൾക്ക്‌ തോന്നി. കത്തിനുള്ളിൽ അയാൾക്ക്‌ നനയാൻ മാത്രം കുളിർമ നൽകുന്ന ഏതോ ഒരു വാർത്ത  കറുത്ത മനോഹരമായ അക്ഷരങ്ങൾക്കിടയിൽ തെളിഞ്ഞു നിന്നിരുന്നു. 

          '" നിനക്ക് പ്രാന്താ,  ആ സ്ത്രീയെ കൂട്ടി കൊണ്ടു വന്നിട്ട് വീണ്ടും പോല്ലാപ്പ് ആവില്ലേ? "  രാജുവിനെ കൂട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

 ഭാര്യയുടെ മൗനം ആയിരുന്നു അയാളെ കൂടുതൽ തളർത്തിയത്. ആ സ്ത്രീ അവളുടെ അമ്മയായിരുന്നു എന്നു മാത്രം അല്ല  നിത്യ രോഗിണിയായ അവളെ വേൾക്കുന്ന കാലത്ത്  അവളോടുള്ള വാത്സല്യം താൻ അവരുടെ കണ്ണുകളിൽ നിന്നും വായിച്ചെടുത്തതുമാണ്. അവളുടെ കുഞ്ഞുങ്ങളെ അവളെക്കാൾ കൊഞ്ചിച്ചതും വളർത്തിയ തും ഒക്കെ അവരാണ്. അതിന് താൻ സാക്ഷിയുമാണ്. എന്തെ ആ അമ്മയെ തിരികെ കൊണ്ടു വരാൻ അവൾ മടിക്കുന്നു?? ഇല്ല തനിക്കു പോകണം..... കോട്ടയത്തുള്ള ഏതോ കോൺവെന്റിൽ എത്തപ്പെട്ട ആ സ്ത്രീയുടെ നാവിൽ നിന്നും പാതി ബോധം നൽകിയ തന്റെ മേൽവിലാസം തനിക്കുള്ള  കടമയായി ഈ കത്തിന്റെ രൂപത്തിലെത്തിയിരിക്കുന്നു.. തനിക്കു ഒരിക്കലും മൗനം പാലിക്കാൻ കഴിയില്ല..... താൻ പോകും... കൂട്ടി കൊണ്ടു വരിക തന്നെ ചെയ്യും... അയാളുടെ സ്വതേ  ശാന്തമായ മുഖത്ത് ആശ്വാസം പരന്നു. 

      കുട്ടൻ പിള്ളയുടെ ചായക്കടയിൽ ഏറ്റവും രുചിയുള്ള ഇനം പുട്ട് ആയിരുന്നു. ആവശ്യക്കാരുടെ ഇഷ്ടം നോക്കി പല തരത്തിലുള്ള പുട്ടു വിഭവങ്ങൾ ഉണ്ടാക്കിയിരുന്നതു അയാളുടെ ഭാര്യയായിരുന്നു.  പുട്ടിന്റെ രുചിയിൽ  നാട്ടുകാർ അവരെ പുട്ടമ്മ എന്നു വിളിച്ചു തുടങ്ങി. കുട്ടൻ പിള്ളയുടെ കച്ചവടം നാൾക്കു നാൾ മെച്ചപ്പെട്ടു കൊണ്ടിരുന്നു. കടയിലെ തിരക്കൊഴിഞ്ഞ വൈകുന്നേരങ്ങളിൽ ഭാര്യയോടൊപ്പം അല്പം മദ്യം കഴിക്കുന്നതു അയാളുടെ പതിവായിരുന്നു.കുളിച്ചു വിടർത്തിയിട്ട  ഭാര്യയുടെ  ചുരുണ്ട മുടിയിൽ വിരലുകൾ കൊണ്ടു അയാൾ തലോടും... പിന്നെ താൻ കഴിച്ചു കൊണ്ടിരിക്കുന്ന ലഹരി അവളുടെ ചുണ്ടിൽ ഒഴിച്ച് കൊടുക്കും. അവരുടെ ലോകത്തിൽ അവർ മാത്രം ആയിതീരും... അവരുടെ ജീവിതം സന്തോഷത്തോടെ ഒഴുകി കൊണ്ടിരുന്നു... രണ്ടു പെണ്മക്കളിൽ ഇളയവളുടെ കാര്യത്തിൽ മാത്രം ആയിരുന്നു അവരുടെ സന്തോഷത്തിനു അല്പം നിറം മങ്ങിയത്. സൂക്കേട് കാരിയായി ജനിച്ച അവളെ അവർ കൂടുതൽ സ്നേഹിച്ചു.. ശ്വാസം മുട്ടലിന്റെ ആധിക്യത്തിൽ പിടയുന്ന മകളെ ആശുപത്രിയിൽ എടുത്തു കൊണ്ടോടി അവരുടെ വർഷങ്ങൾ നീങ്ങി കൊണ്ടിരുന്നു. 

    മൂത്തമകളുടെ വിവാഹം കഴിഞ്ഞപ്പോൾ അവരുടെ മനസ്സിൽ ഇളയവളുടെ ചിന്ത കൂടുതൽ ആഴത്തിൽ വേരുകൾ താഴ്ത്തി. വൈകുന്നേരങ്ങളിൽ കുട്ടൻ പിള്ളയും ഭാര്യയും പതിവ് ശീലം തുടർന്നു കൊണ്ടിരുന്നു. അവരുടെ ചിന്തകളുടെ ഭാരം കരിയിലകൾ പോലെ പറന്നു പോകുന്ന നിമിഷങ്ങളിൽ അവർ അന്യോന്യം കൂടുതൽ സ്നേഹിക്കപ്പെട്ടു.

 ഒടുവിൽ അവർ കാത്തിരുന്ന പോലെ അവരുടെ ഇളയ മകളെ വിവാഹം കഴിക്കാൻ അകന്ന ബന്ധു കൂടി ആയ രാജു തയ്യാറായി. വിവാഹം ഉറപ്പിക്കുന്ന അന്ന് തന്നെ വീടും കടയും അയാൾ രാജുവിന്റെ പേർക്ക് നൽകുന്നതായി പ്രഖ്യാപിച്ചു. അയാളുടെ തീരുമാനം തെറ്റായി എന്നു ഒരിക്കൽ പോലും ആർക്കും  പറയേണ്ടി വന്നില്ല. വിവാഹം നടന്നതിന്റെ അടുത്ത വർഷം മഴ പെയ്തു തകർത്ത ഒരു തുലാ വർഷരാത്രി യിൽ പുട്ടമ്മയുടെ മടിയിൽ കിടന്നു സന്തോഷത്തോടെ  അയാൾ യാത്രയായി. അയാൾ ബാക്കി വച്ച മദ്യം എടുത്തു കഴിക്കുമ്പോൾ അവരുടെ കണ്ണിൽ മഴതുള്ളികൾ നൃത്തം ചെയ്തു കൊണ്ടിരുന്നു... 

        പുട്ടമ്മ പുട്ടുകൾ ഉണ്ടാക്കി കൊണ്ടിരുന്നു... പകൽ കടയിൽ അടുക്കള ചൂടിൽ ഓടി നടന്നു പണി ചെയ്യും.. രാത്രി ഇരുട്ടിൽ ആരും കാണാതെ കുട്ടൻ പിള്ളയുടെ ഓർമകളുടെ അറ തുറന്നു ലഹരിയുടെ തേരിൽ ഒഴുകി നടക്കും... വർഷങ്ങൾ നരച്ചു നീങ്ങി കൊണ്ടിരിക്കുമ്പോഴും  മകളുടെ കുഞ്ഞുങ്ങളെ താലോലിക്കുമ്പോൾ മാത്രം  അവരുടെ കണ്ണുകളിൽ പുതിയ വെളിച്ചം വീശി.

പുട്ടമ്മയുടെ കൈകൾ പുട്ടിനു മാവ് നനക്കുമ്പോ അന്നൊരു ദിവസം അനുസരണ കാട്ടിയില്ല.അതിന്റെ ഫലം അന്നത്തെ കടയുടെ വരുമാനത്തിൽ കുറവ് വരുത്തി. അമ്മയുടെ രാത്രിയുള്ള മദ്യ പാനം മകൾ കണ്ടു പിടിച്ചു.അമ്മയും മകളും തമ്മിലുള്ള പോരിൽ നിസ്സഹായനായി രാജു നിന്നു.പുട്ടമ്മയുടെ പുട്ടുകൾ അങ്ങനെ ഭൂതകാല സ്മരണകളായി മാറി. അവർ പിന്നെ ഒരിക്കലും ആ അടുക്കളയിൽ കയറിയില്ല. 

            പകലുകൾ അസ്തമിക്കുമ്പോൾ ഉള്ളിൽ നിന്നുമുയർന്നു വരുന്ന ത്വര അടക്കാൻ ആകാതെ അവർ പുറത്ത് നിലാവ് മേയുന്ന ആറ്റിൻ കരയിലേക്ക് ഇറങ്ങി നടന്നു. അവിടെ തെങ്ങു കയറ്റ തൊഴിലാളിയായ ഗോപി താമസിക്കുന്ന വീടിന്റെ മുൻപിൽ നിൽക്കുമ്പോൾ ഗതികേട് അവരെ ആകമാനം കീഴ് പെടുത്തി കഴിഞ്ഞിരുന്നു.. ആ രാത്രി എല്ലാം മറന്നു ഗോപിയോടൊപ്പം കുടിച്ചു. പുട്ടുകളിലൂടെ  രുചിയുടെ പുതുലോകം സൃഷ്ടിച്ച കൈകൾ വാറ്റു ചാരായത്തിന്റെ ലഹരിയിൽ ആറ്റുമണൽ കുഴച്ചെടുത്തു. രാത്രികൾ ആവർത്തിക്കപ്പെട്ടു.മകളുടെയും ഭർത്താവിന്റെയും വിലക്കുകൾ പൊട്ടിച്ചു നീക്കുമ്പോൾ ഉള്ള സന്തോഷം അവരെ ഉന്മാദിനിയാക്കി. 

     പുട്ടമ്മ ഇപ്പോൾ സന്തോഷവതിയാണ്. ആരു മദ്യം വാങ്ങി തരുന്നോ അവരോടൊപ്പം പോകും.പുതു വത്സര രാവുകൾ അവസാനിക്കുമ്പോൾ ഏതെങ്കിലും തെങ്ങിൻ പറമ്പിൽ ബോധമില്ലാതെ വസ്ത്രം തെറ്റി,  ചോരയിൽ കുളിച്ചു കിടക്കുന്ന ആ സ്ത്രീ നാട്ടുകാരിൽ യാതൊരു ഭാവഭേദവും ഉണ്ടാക്കിയില്ല.. പെണ്ണുങ്ങൾ ആയാൽ ഇത്ര തന്റേടം പാടില്ല. ആ നാട്ടിൽ പരസ്യമായി കള്ളു കുടിക്കുന്ന പുട്ടമ്മയെ ആണുങ്ങളും പെണ്ണുങ്ങളും ഒരു പോലെ വെറുത്തു. ചുറ്റുപാടുകൾ മറന്ന് വർത്തമാനം പറഞ്ഞു നടക്കുന്ന അവരെ നാട്ടുകാർ തീർത്തും അവഗണിച്ചു. മകൾ കൊട്ടിയടിച്ച വാതിലിൽ മുട്ടാൻ അവർ ഒരിക്കലും ശ്രമിച്ചുമില്ല. അവരുടെ രാത്രികൾ ലഹരിയിൽ മുങ്ങിതാഴ്ന്നു കൊണ്ടിരുന്നു.  വെറ്റില മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ   കൊണ്ട് ആരെയൊക്കെയോ പ്രാകി പകൽ മുഴുവൻ അവർ നടന്നു.. അങ്ങനെ അങ്ങനെ ഇരിക്കെ അവർ ആ നാട്ടിൽ നിന്നും അപ്രത്യക്ഷയായി. 

        കാണാതെയായ പുട്ടമ്മയെ തിരക്കി രാജു നാടു മുഴുവൻ തിരക്കിയിറങ്ങി . പോലീസിൽ പരാതി കൊടുത്തെങ്കിലും ഫലം ഒന്നും കണ്ടില്ല.കാലം  കടന്നു പോകുമ്പോൾ കാണാതെ പോകുന്നവർ വെറും ഓർമ്മയായി മാറുന്ന പോലെ പുട്ടമ്മയും നാട്ടുകാർക്ക് ഒരു ഓർമ്മയായി മാറി.

അഞ്ചു വർഷങ്ങൾക്കു ശേഷം അതേ പുട്ടമ്മയുടെ ഓർമ പുതുക്കികൊണ്ട് രാജുവിന്റെ കൈയിൽ കിട്ടിയ ആ കത്തിന്റെ ഉറവിടം ഒരു കന്യാസ്ത്രീ മഠമായിരുന്നു.

പാതി രാത്രിയിൽ റെയിൽ പാളത്തിന്റെ അരികിൽ ആരുടെയോ പരാക്രമത്തിന്റ ബാക്കിയായി ദേഹത്ത് നിറയെ ചോരപ്പൂക്കൾ ചൂടി കിടന്നിരുന്ന അവരെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും മഠത്തിൽ എത്തപ്പെട്ട ശേഷം മദ്യത്തിന്റ ആസക്തിയിൽ  നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ.....ഒടുവിൽ ബോധത്തിലേക്ക് മടങ്ങി വന്നപ്പോൾ മനസ്സിൽ നാടിന്റെ ഓർമ വന്നതും തിരിച്ചു പോകാനുള്ള കൊതി അവരുടെ ഉള്ളിൽ നിറഞ്ഞു. മുടി വെട്ടി ഒതുക്കി,  കണ്ണിൽ നിന്നും  ലഹരി ഇറങ്ങിപോയി,  ശൂന്യത നിറഞ്ഞ മനസ്സുമായി അവർ ജനാലയിലൂടെ പുറത്തു നോക്കി ഇരുന്നു. കൂട്ടികൊണ്ടു പോകാൻ വരുന്നവരെ കാത്ത് ദിനങ്ങൾ എണ്ണിയുള്ള കാത്തിരിപ്പ്.... 

            സൂര്യന്റെ കത്തുന്ന നോട്ടത്തിൽ വിയർത്തു കുളിച്ചു രാജു കോൺവെന്റിന്റെ പടിക്കൽ എത്തുമ്പോൾ നേരം രണ്ടു മണി കഴിഞ്ഞിരുന്നു. അര മണിക്കൂർ നേരത്തെ എഴുത്തു കുത്തുകൾക്ക് ശേഷം പുട്ടമ്മയെയും കൊണ്ട് അയാൾ മടക്കയാത്ര ആരംഭിച്ചു. ബസിൽ യാത്ര ക്കാർ അധികം ഇല്ലായിരുന്നു. പുറത്തു നിന്നും വീശിയ കാറ്റിൽ അവരുടെ മുടിയിഴകൾ പറന്നു കളിച്ചു. ഓർക്കാൻ ഇഷ്ടപ്പെടാത്ത സ്മരണ കൾ അവയോടൊപ്പം പറന്നു പോകുമ്പോൾ അവർ ഉറക്കത്തിലേക്കു വീണു കഴിഞ്ഞിരുന്നു. 

       ഇരുട്ട് പരന്നു തുടങ്ങിയ നേരത്ത് അവർ രണ്ടു പേരും വീട്ടിൽ എത്തിച്ചേർന്നു. അവരെ കാത്തു പുറത്തു മകളും പേരക്കുട്ടികളും നിൽപ്പുണ്ടായിരുന്നു. മകളുടെ കണ്ണിൽ നോക്കിയപ്പോൾ അവരുടെ ദേഹം വിറച്ചു. അവളുടെ മിഴികൾ നിറയുന്നത് തെളിമയോടെ  കണ്ടതും അവർക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. വർഷങ്ങളുടെ നീണ്ട ഇടവേളയെ വകഞ്ഞു മാറ്റി,  അമ്മ മകളെ മാറോടു ചേർത്ത് നിർത്തുന്ന കാഴ്ച കണ്ട് രാജുവിന്റെ ഹൃദയം കുളിർ ത്തു. 

      പിറ്റേന്ന് ചായക്കട തുറന്നപ്പോൾ ആവി പറക്കുന്ന പുട്ടിന്റെ ഗന്ധം അടുക്കളയിൽ നിന്നും ഉയർന്നു. പുട്ടമ്മയുടെ കൈകൾ മാവിന്റെ തരികളെ ആവേശത്തോടെ നനച്ചു കൊണ്ടിരുന്നു... ... പുട്ടുകൾ പിറന്നു വീണു കൊണ്ടിരുന്നു......... 

- പ്രിയങ്ക ബിനു

Priyanka Binu

Priyanka Binu

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

0 അഭിപ്രായങ്ങൾ | Comments