Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

സുന്ദരി

0 0 1351 | 05-Feb-2019 | Stories
Jayaraj Parappanangadi

Jayaraj Parappanangadi

Login to Follow the author
സുന്ദരി

ഉറങ്ങിക്കിടക്കുന്ന സുന്ദരിയെ പതുക്കെയെടുത്ത് കാറിനടുത്തേയ്ക്ക് നടക്കുമ്പോൾ രമേഷ് കരയുന്നുണ്ടായിരുന്നു...

അതവളുടെ മുഖത്തു വീഴാതിരിയ്ക്കാൻ തന്റെ കണ്ണുകളയാൾ മുകളിലേയ്ക്കുയർത്തിപ്പിടിച്ചു...

പൊതിഞ്ഞ ടർക്കി പരത്തി വിരിച്ച് സുന്ദരിയെ മൃദുവായി പിൻസീറ്റിൽ കിടത്തി.....

പകലാണിതു ചെയ്യുന്നതെങ്കില്‍ ജീവൻപോവുകയാണെങ്കിലും അവൾ കയ്യിലെ പിടുത്തം വിടുകയില്ലെന്നതുറപ്പായതുകൊണ്ടാണ് ഈ അർദ്ധരാത്രിയിൽത്തന്നെ....

രമേഷ് അവൾക്കൊപ്പമിരുന്ന് ഡോറടയ്ക്കുമ്പോൾ അകത്തു നിന്നും അനഘ വലിയ ബേഗുകളെടുത്തോടി വന്നു...

രണ്ടിന്റേയും സിബ്ബടയ്ക്കാൻ പറ്റാത്തവിധം ഉടുപ്പകളും കളിപ്പാട്ടങ്ങളും പുറത്തേയ്ക്ക് തള്ളി നിന്നിരുന്നു...

ഡ്രെെവറതെടുത്ത് ഡിക്കിയിൽ വച്ച് വണ്ടി സ്റ്റാർട്ടാക്കുമ്പോൾ അനഘ പൊട്ടിക്കരഞ്ഞുകൊണ്ടകത്തേയ്ക്കോടി....

ഒരു നിമിഷം അതുവരെ തെളിഞ്ഞ പൗർണ്ണമിയും ഇതൊന്നും കണ്ടു നിൽക്കാനാവാതെ 
മേഘമൂകതയിലലിഞ്ഞു...

വീട്ടിനുള്ളിൽ തനിച്ച് ചുമരും ചാരി നിലത്തിരിയ്ക്കുന്ന അനഘ 
നിറഞ്ഞ പുഞ്ചിരിയോടെയുള്ള സുന്ദരിയുടെ ഫോട്ടോ നെഞ്ചിലമർത്തി അവളുടെ ഓർമ്മകൾക്കൊപ്പം വല്ലാതെ തേങ്ങി....

കുട്ടികളുണ്ടാവില്ലെന്ന് ഡോക്ടർ തീർത്തു പറഞ്ഞപ്പോഴാണ് അനഘയും രമേഷും അനാഥാലായത്തില്‍ നിന്നും ഒരു കുഞ്ഞിനെ ദത്തെടുത്തത്....

ഗെയിറ്റു തുറന്നകത്തു കയറുമ്പോൾത്തന്നെ കണ്ണുപൊത്തിക്കളിയ്ക്കിടയിൽ തന്റെ പിന്നിലൊളിച്ച മൂന്നു വയസ്സ് പ്രായം തോന്നിയ്ക്കുന്നൊരു ഭംഗിയുള്ള പെൺകുട്ടിയെ അനഘ വല്ലാതെ ശ്രദ്ധിച്ചു...

മുട്ടു കുത്തി കെെനീട്ടിയപ്പോൾ കെട്ടിപ്പിടിച്ചുമ്മവച്ച അവളേയും കൊണ്ടാണ് അനഘയും രമേഷും ഓഫീസിലേയ്ക്ക് കയറിയത്...

മേഢം..ഞങ്ങൾക്കിവളെ മതി...

അയ്യോ... രമേഷൊരാൺകുട്ടിയെ വേണമെന്നാണല്ലോ പറഞ്ഞത് ?

ഇവളെന്നെ വന്നു തൊട്ടപ്പോള്‍ ആ തീരുമാനം മാറ്റി മേഢം...

ഇത് ശരിയ്ക്കും എന്റെ മകളു തന്നെയാണ്..
എനിയ്ക്കുറപ്പാ...

അതിപ്പോ രമേഷ്.... 
ഞങ്ങള് സുന്ദരിയെന്നു പേരിട്ടിരിയ്ക്കുന്ന ഇവളെത്തരാൻ ചില സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്...

അയ്യോ അങ്ങിനെ പറയല്ലെ മേഢം...എനിയ്ക്കിവളെത്തന്നെ മതി...

അനഘയുടെ അതീവതാൽപ്പര്യപ്രകാരം ഉപാധികളോടെ വിട്ടുകൊടുത്ത സുന്ദരിയുടെ പിറന്നാൾ തൊട്ടടുത്ത മാസം തന്നെയായിരുന്നു...

സുന്ദരിയുടെ വരവോടെ അനഘയുടെ അകത്തളങ്ങിൽ നിറഞ്ഞ ഏകാന്തതയുടെയും നിരാശയുടേയും മാറാലകളൊഴിഞ്ഞ് സന്തോഷത്തിന്റെ പൂങ്കാവനമായി....

അഞ്ഞൂറില്‍പ്പരം ആളുകൾ പങ്കെടുത്ത വർണ്ണപ്പകിട്ടാർന്ന പിറന്നാളിൽ കേക്കുമുറിച്ചപാടെ സുന്ദരി ക്ഷീണത്താലെന്നപോലെ പെട്ടന്ന് തളർന്നുറങ്ങി....

ശേഷവുമിതുപോലെ പലതവണ തലകറക്കമുണ്ടായതിന്റെ വിദഗ്ദപരിശോധനയിലാണ് സുന്ദരിയുടെ രണ്ടു കിഡ്നിയും പോയതറിയുന്നത്...

ജൻമനാ അസുഖമുള്ള ആ കുഞ്ഞിനെ ആറുമാസം പ്രായമായപ്പോൾ ആരോ മനഃപൂര്‍വ്വം ഉപേക്ഷിച്ചതിനാലാണ് അവളനാഥാലയത്തിലെത്തിയത്....

അനഘയിതറിഞ്ഞതും ആകെ തളർന്നുപോയി..

സുന്ദരിയെത്തന്നെ വേണമെന്നുള്ള അനഘയുടെ നിർബന്ധബുദ്ധി ദെെവഹിതമായി തോന്നിയതിനാലും, ഒരുപക്ഷേ നിങ്ങളിലൂടെ നല്ല ചികില്‍സ കിട്ടി ആ കുട്ടി രക്ഷപ്പെടുമല്ലോയെന്ന ചിന്തയാലുമാണ് മറ്റെല്ലാ നിയമവശങ്ങളും ഭേദിച്ച് ഇത്തരമൊരു തെറ്റു ചെയ്തതെന്ന് മേഢം രമേഷിനെ ക്ഷമാപൂർവ്വം ബോധിപ്പിച്ചു ....

മിതവരുമാനമുള്ള രമേഷിനാവട്ടെ ഇത്തരമൊരു പ്രതിസന്ധി നേരിടാനുള്ള സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ല...

നാലഞ്ചു ലക്ഷം രൂപയോളം ചിലവാക്കി തൽക്കാലമവളുടെ ജീവൻ നിലനിർത്തിയ അവർ ബന്ധുവകകളുടെ അഭിപ്രായം മാനിച്ച് , അവസാനം അനാഥാലയത്തിലേയ്ക്കു തന്നെ തിരിച്ചു കൊടുക്കാനുള്ള തീരുമാനത്തിലേയ്ക്കെത്തുകയായിരുന്നു..

ചുരുങ്ങിയ മാസങ്ങളേ സുന്ദരി ഒപ്പമുണ്ടായിരുന്നുവൊള്ളുവെങ്കിലും അവളുടെ ഓർമ്മകൾ അനഘയുടെ ഉറക്കം കെടുത്തി...

എവിടെത്തിരിഞ്ഞാലും സുന്ദരിയുടെ കളിയും ചിരിയും കാലൊച്ചയും മാത്രമേ അനഘയ്ക്ക് കാണാനാവുമായിരുന്നുള്ളൂ....

ആഴ്ചയൊന്നു കഴിഞ്ഞിട്ടും കിടക്കവിടാത്ത അനഘയെ തനിച്ചാക്കി രമേഷിന് പ്രെെവറ്റ് കമ്പനിയിലെ തന്റെ ജോലിയ്ക്കു പോവാനുമായില്ല....

അടുത്ത ദിവസം പുലർച്ചെ എഴുന്നേറ്റ അനഘ രമേഷിന്റെ കാൽപാദം തൊട്ടിങ്ങനെ പറഞ്ഞു...

ഏട്ടാ...
സുന്ദരിയെ നമുക്ക് തിരിച്ചു കൊണ്ടു വരണം...

വീടു വിറ്റിട്ടായാലും അവളെ പൊന്നുപോലെ നോക്കണം..
എന്റെ കിഡ്നി അവൾക്കു ചേരാതിരിയ്ക്കില്ല...

ഇനിയെന്റെ പൊന്നുമോള് മരിയ്ക്കുകയാണെങ്കിലും അവളുടെയമ്മയുടെ മടിയിൽ കിടന്നാവണം..

ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ നമ്മള് മനുഷ്യരാണോ ഏട്ടാ....

എല്ലാം സമ്മതിച്ചു കെട്ടിപ്പിടിച്ച രമേഷിനോടവൾ തിടുക്കത്തോടെ പറഞ്ഞു...

എന്റെ മോളിപ്പോ എന്നെക്കാണാതെ നെഞ്ചുപൊട്ടി കരയണുണ്ടാവും...

രാവിലെയാവാൻ നിൽക്കണ്ട....
നമുക്കിപ്പോത്തന്നെ പോവാം രമേഷാട്ടാ....

പോവാം....
അനഘയുടെ നെഞ്ചിടപ്പറിയാവുന്ന രമേഷ് അതും സമ്മതിച്ചു....

ഉടുത്ത വസ്ത്രത്താലെ ധൃതിപിടിച്ച് കാറിൽ കയറിയ അനഘയെ രമേഷെതിർത്തില്ല....

 

വണ്ടി നീങ്ങുമ്പോള്‍ പെയ്ത മഴ ആരെയോ കാത്തിരുന്നു മടുത്ത സുന്ദരിമോളുടെ അവസാനത്തെ കണ്ണുനീരായിരുന്നുവെന്ന് അപ്പോഴവർ രണ്ടു പേരുമറിഞ്ഞിരുന്നില്ല....

Jayaraj Parappanangadi

Jayaraj Parappanangadi

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

0 അഭിപ്രായങ്ങൾ | Comments